കവിത
ഉണ്ണികൃഷ്ണൻ. പി.പി
ആലാപനം
മഴ പാടിത്തുടങ്ങി .....
മൗനം ഘനീഭവിച്ച ആദിതാളത്തിൽ, അമൃതവർഷിണിയുടെ ഒന്നാം കാലം ....
മാധുര്യമൂറുന്ന മുലപ്പാലിൽത്തുടങ്ങി വെള്ളപൂശിയ കുഴിമാടം വരെ നീണ്ട ആരോഹണാവരോഹണങ്ങൾ .....
സ്വപ്നം ജഡീഭവിച്ച മനസ്സിൽ ഇരുളിന്റെ ശ്രുതിഭേദങ്ങളറിയാതെ രണ്ടാം കാലവും തുടങ്ങിയപ്പോൾ രാഗം സിന്ധുഭൈരവിയായി....
ഇടിയും മിന്നലുമില്ലാതെ, കാറ്റിന്റെ അകമ്പടി പോലുമില്ലാതെ മൂന്നും നാലും അഞ്ചും കാലങ്ങളിൽ
മായാമാളവഗൗളത്തിന്റെ അനല്പ്പാലാപനം ...
മൃത്യുശയ്യയിലെ നിസ്സഹായത പോലെ ഇടറിത്തടഞ്ഞ പാട്ടിന്റെ താളം എന്തിനോ തേങ്ങി ....
ഒടുവിൽ മൗനത്തിന്റെ ധവളതടാകത്തിൽ ഒരൊറ്റ തുള്ളിയായി ചുരുങ്ങിയൊതുങ്ങി ആഴ്ന്നപ്പോൾ ആറാം കാലത്തിൽ സർവ്വരാഗങ്ങളും അലിഞ്ഞുചേരുകയായിരുന്നു .......

Comments
Post a Comment