ലേഖനം
ആരോഗ്യം നിക്ഷേപമാണ്; കരുതൽ വേണം
=======================================
എന്താണ് ആരോഗ്യം ?
ആരോഗ്യമെന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ ആദ്യം ചിന്തിക്കുന്നത് രോഗമില്ലാത്ത അവസ്ഥയെ കുറിച്ചാണ്. എന്നാൽ ശാരീരികവും മാനസികവും സാമൂഹികവുമായ സന്തുലിതാവസ്ഥയെയാണ് നമുക്ക് ആരോഗ്യമെന്ന് വിശേഷിപ്പിക്കാൻ കഴിയുക. രോഗമില്ലാതിരിക്കുന്ന അവസ്ഥയെ മാത്രം ആരോഗ്യമെന്ന് പറയാനൊക്കുകയില്ല.
ശാരീരികമായ ആരോഗ്യം നിലനിർത്താൻ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ശരീരത്തിന്റെ എല്ലാ അവയവങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കുവാൻ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം പരമപ്രധാനമാണ്. പല രോഗങ്ങളെയും തടയുന്നതിന് അവയ്ക്കുള്ള പങ്ക് വളരെ വലുതാണ്. അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ , ധാതുക്കൾ അടങ്ങിയ സമീകൃതാഹാരമാണ് നാം തെരഞ്ഞെടുക്കേണ്ടത്. ഇന്ന് പല രോഗങ്ങളെയും വിളിച്ചു വരുത്തുന്ന ഒരു പ്രധാന വില്ലനാണ് ഫാസ്റ്റ് ഫുഡ് .ക്യാൻസർ, ഡയബറ്റിസ്, കൊളസ്ട്രോൾ തുടങ്ങി നീണ്ടു പോകുന്നു അതിന്റെ ലിസ്റ്റ്.
അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി നല്ലൊരു ഭക്ഷണ സംസ്കാരമാണ് നാം പിന്തുടരേണ്ടത്. ഭക്ഷണത്തോടൊപ്പം കൃത്യമായി കൊണ്ടു നടക്കേണ്ടതാണ് ഉറക്കവും വ്യായാമവുമെല്ലാം.
ദിവസവും 6-7 മണിക്കൂർ ഉറക്കം ശീലമാക്കണം. ബുദ്ധിയുടെ ശരിയായ വികാസത്തിനും പ്രവർത്തനത്തിനും ഉറക്കം അത്യന്താപേക്ഷിതമാണ്. പകൽ മുഴുവൻ പ്രവർത്തന സജ്ജമായിരുന്ന ശരീരത്തിനും ബുദ്ധിക്കും ഒരു പോലെ ആശ്വാസം നൽകുന്നതാണ് രാത്രിയിലെ ഉറക്കം. വിശ്രമമില്ലാതെ നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഏതൊരു യന്ത്രവും അതിന്റെ പ്രവർത്തനക്ഷമത കാലക്രമേണ കുറഞ്ഞു വരും പോലെ ഉറക്കമില്ലാതെയും കൃത്യമായി ഉറങ്ങാതെയും ശരീരം നിരന്തരമായി പ്രവർത്തിച്ചു കൊണ്ടിരുന്നാൽ ആരോഗ്യം ക്ഷയിക്കാനിടവരും. അതു കാരണമായും പല രോഗങ്ങളും മെല്ലെ മെല്ലെ തല പൊക്കുന്നു. രാത്രി എപ്പോഴെങ്കിലും ഉറങ്ങുന്നതിനു പകരം നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്നത് നാം ശീലമാക്കണം. Early to bed, early to rise എന്നതാവട്ടെ നമ്മുടെ ചര്യ.
ചെറിയ രീതിയിലെങ്കിലും വ്യായാമം നിലനിർത്തിപ്പോരാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ചടഞ്ഞു കൂടിയിരിക്കുന്ന ശരീരത്തെ ഉത്തേജിപ്പിക്കാൻ വ്യായാമം കൊണ്ട് സാധിക്കുന്നു.
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശീലമാക്കണം. ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. ദാഹമുണ്ടാകുമ്പോൾ സോഫ്റ്റ് ഡ്രിൻക്സിലേക്ക് കൈ നീട്ടുന്നത് ഇന്ന് പൊതുവെ കണ്ടുവരുന്ന ഒരു സംസ്കാരമാണ്. അവയിലടങ്ങിയ രാസ പദാർത്ഥങ്ങൾ നമ്മുടെ കിഡ്നികളെ സാരമായി ബാധിക്കുന്നു. ഈ അടുത്ത കാലങ്ങളിലായി നമുക്ക് ചുറ്റും കിഡ്നി രോഗികളുടെ എണ്ണം ഉയരുന്നതും ഡയാലിസിസ് സെന്ററുകൾ വർധിക്കുന്നതും ഒരളവോളം ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
ശാരീരികാരോഗ്യം പോലെത്തന്നെ പ്രധാനമാണ് മാനസികാരോഗ്യവും . ശരീരത്തെ ആരോഗ്യത്തോടെ പിടിച്ചു നിർത്തണമെങ്കിൽ ആരോഗ്യമുള്ള മനസ്സുവേണം. സോഷ്യൽ മീഡിയയുടെ അതിപ്രസരവും കുടുംബ ബന്ധങ്ങളിൽ വന്ന മൂല്യത്തകർച്ചകളും ലഹരിയുപയോഗവും ഒരു പരിധി വരെ ഇത്തരം മാനസിക രോഗങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്.
യൂട്യൂബ് , ഫേസ് ബുക്ക് , ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അമിതമായ ഉപയോഗം നമുക്ക് നിയന്ത്രിക്കാനാവണം.
കൊറോണ കാലത്ത് ജോലിക്കും പഠനത്തിനും വിനോദത്തിനുമെല്ലാം വേണ്ടി നാം കയറിച്ചെന്ന ഇടമായിരുന്നു നമ്മുടെ മൊബൈൽ ഫോണുകൾ . പിന്നീട് അതിന്റെ അമിത ഉപയോഗം പലപ്പോഴും വിനയായി തീരുകയും ചെയ്തിട്ടുണ്ട്. ഫോൺ അഡിക്ഷൻ കേസുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. മുതിർന്നവരും കുട്ടികളും അതിനടിമകളായിത്തീരുന്നു. അവയെല്ലാം നമ്മുടെ മാനസികാരോഗ്യത്തിന് ഏൽപിച്ച മുറിവുകൾ ചെറുതല്ല. ഉത്കണ്ഠ, അമിതമായ ദേഷ്യം , വിഷാദം, വിഭ്രാന്തി തുടങ്ങിയ അവസ്ഥകൾ മുമ്പെങ്ങുമില്ലാത്ത വിധം ഉയർന്നു വരുന്നു.റീൽസുകളാണ് റിയാലിറ്റിയെന്ന് നാം തെറ്റിദ്ധരിച്ചു. ഇന്ന് സോഷ്യൽ മീഡിയയുടെ ഉപയോഗം പാടെ മാറ്റി നിർത്താൻ നമുക്ക് കഴിയില്ലെന്നിരിക്കെ അതിന്റെ ഉപയോഗത്തിന് സമയ പരിധി നിശ്ചയിക്കാം. അനാവശ്യമായ വീഡിയോകളും മറ്റും കണ്ട് സമയം കളയുന്നതിനു പകരം അറിവ് നേടിയെടുക്കാനുള്ള ഉപാധിയായി നമുക്കതിനെ മാറ്റാം.ഈ അവധിക്കാലത്ത് ഗുണപരമായിട്ടുള്ള ശീലങ്ങളും സംസ്കാരങ്ങളും നമ്മിൽ രൂപപ്പെടുത്താം..ജീവിതം ആരോഗ്യത്തോടെ ആസ്വദിക്കാം..

Comments
Post a Comment