ഏഴാം ക്ലാസിലെ അമേയ എഴുതുന്ന കഥ
അമേയ (7A) , GHSS പട്ടിക്കാട്
ഒരു വേഴാമ്പൽ കഥ
ദൂരെ പാട വരമ്പിലൂടെ രണ്ടുപേർ പതുക്കെ നടന്നുവരുന്നു. കിഴക്കു വശത്തെ തോട്ടം കഴിഞ്ഞ് വീണയുടെ വീടിനടുത്തേക്ക് എത്തിക്കഴിഞ്ഞിരുന്നു. രണ്ടുപേർ - അപ്പുവും അമ്മുവും. അല്പം പിറകിലായി മീനുവുമുണ്ട്. മൂവരും വലിയ മാവിൻ ചുവട്ടിൽ എത്തിയതും മഴ കോരി ച്ചൊരിയാൻ തുടങ്ങി. വീട്ടിൽ നിന്ന് വരുമ്പോൾ ആകാശം ഇരുണ്ട് മൂടിയാണ് ഇരുന്നത്. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്ന അവസ്ഥയായിരുന്നു.
അവർ നനഞ്ഞുകൊണ്ട് അകത്തേക്ക് കയറി. വീണ ച്ചേച്ചിയുടെ മുറിയുടെ വാതിലിൽ ചെന്ന് മുട്ടി. അവൾ വാതിൽ തുറന്ന് ഒന്നും മിണ്ടാതെ അടിമുടി നോക്കിക്കൊണ്ട് ഒരു തോർത്തുമെടുത്ത് മൂന്നിന്റെയും തലയും ദേഹവുമെല്ലാം തുടച്ചു.
അവൾ ചോദിച്ചു.
"എടാ മണ്ടന്മാരെ... ഇന്നെന്തിനാ ഇങ്ങോട്ട് വന്നത്. മഴ പെയ്യണ കണ്ടില്ലേ... വല്ല പരിപാടിയും നടക്കുമോ.. നോക്കു പുറത്തേക്ക്.
അമ്മു പറഞ്ഞു.
`` ഞങ്ങള് വീട്ടീന്നെറങ്ങുമ്പോ മഴയില്ലായിരുന്നു വീണേച്ചീ"
വീണ മീനുവിനോട് ചോദിച്ചു.
`` എടീ കുഞ്ഞു മീനെ നീ വീട്ടിൽ പറഞ്ഞിട്ടാണോ വന്നേ?
അവൾ തലകുലുക്കി.`` ഇന്ന് പറമ്പിലെ കളി ഒന്നും നടക്കില്ല´´
അപ്പു പറഞ്ഞു.
`` നമുക്ക് മുറിക്കകത്തിരുന്ന് കളിക്കാവുന്ന കളികൾ കളിക്കാം. ഈച്ച കൊട്ടാരം, കള്ളനും പോലീസും, അങ്ങനെ എന്തെല്ലാം അല്ലെങ്കിൽ കഥയോ കടങ്കഥയോ പറഞ്ഞിരിക്കാമല്ലോ.
മഴ തകർക്കുകയാണ്. പുറം കാഴ്ചകൾ വ്യക്തമാകുന്നില്ല. അത്രയ്ക്കും ഗംഭീരമായ മഴ.
വീണ പ്രഖ്യാപിച്ചു.
"നമ്മളിന്നെല്ലാവരും മൂടിപ്പുതച്ചിരുന്ന് കഥ പറയാൻ പോണു എന്തേ ?"
അവൾ അലമാരയിൽ നിന്ന് ഒരു വലിയ പുതപ്പ് എടുത്ത് എല്ലാത്തിനെയും കട്ടിലിലിട്ട് അവളും കയറിയിരുന്നു. എല്ലാവരും പുതപ്പിനുള്ളിലായിരുന്നു. എല്ലാവരും ചമ്രം പടിഞ്ഞിരുന്നു , വട്ടത്തിൽ . മേലെ ആകെ പുതപ്പ് മൂടിയിരിക്കുന്നു. ബഹു രസം തന്നെ. മഴ പെയ്യുന്നതിന്റെ സംഗീതം കേൾക്കാം. തവളകളുടെയും മറ്റു ജീവജാലങ്ങളുടെയും ആഹ്ലാദം കേൾക്കാം. തണുപ്പ് അറിയുന്നതേയില്ല.
വീണ കഥ തുടങ്ങി. ഞങ്ങൾ പണ്ട് വയനാട്ടിൽ ആയിരുന്നല്ലോ. ഞങ്ങളുടെ വീടിന്റെ കുറച്ച് അപ്പുറത്ത് വലിയൊരു കാടുണ്ട്. എന്റെ അച്ഛന്റെ കൂട്ടുകാരനും അതായത് രമേശേട്ടനും അവരുടെ മകൻ പവിത്രനും എപ്പോഴും ആ കാട്ടിലേക്ക് പോകാറുണ്ട്. പവിത്രൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്. അവന് കാടിനോടും കാട്ടിലെ മരങ്ങളോടും മൃഗങ്ങളോടും വളരെ സ്നേഹമാണ്.ഒരു ദിവസം ഞാനും പവിത്രനും രമേശേട്ടനും അച്ഛനും കൂടി കാട്ടിലേക്ക് ഒരു യാത്ര പോയി. ഞങ്ങൾ കുറേ നടന്നു.
വീണ അമ്മുവിനോട് ചോദിച്ചു. `` അമ്മു നീ കാട്ടിലെ കിളികളുടെ ഒച്ച കേട്ടിട്ടുണ്ടോ? "
അമ്മു പറഞ്ഞു.
`` പിന്നെ ഞാൻ കേട്ടിട്ടുണ്ട് എന്നും രാവിലെ ഞങ്ങളുടെ വീടിന്റെ വാതിൽക്കലുള്ള കശുമാവിൻ മരത്തിൽ ധാരാളം കിളികൾ വരാറുണ്ടല്ലോ´´
അപ്പു പറഞ്ഞു. "എടീ മണ്ടി നിന്നോട് വീണേച്ചി കാട്ടിലെ കാര്യമാ.... ചോദിച്ചേ..´´
എല്ലാവരും അടക്കി ചിരിച്ചു.
വീണേച്ചി പറഞ്ഞു.`` ആ മതി മതി കഥ പറയാം´´
അങ്ങനെ വൻമരങ്ങൾക്കിടയിലൂടെ , കാട്ടുവള്ളികൾക്കിടയിലൂടെ കാട്ടുചെടികൾ വകഞ്ഞുമാറ്റി പതുക്കെ പതുക്കെ മുന്നോട്ടു പോവുകയാണ്. ഏതൊക്കെയോ ജീവികളുടെ കലപില ശബ്ദം. കിളികൾ അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നു.പെട്ടെന്നായിരുന്നു അത്,ഒരു വേഴാമ്പൽ ചത്തുകിടക്കുന്നു. മീനു പേടിച്ച് നിലവിളിച്ചു.
വീണ അവളോട് പറഞ്ഞു. `` "എടീ മണ്ക്കൂസേ... നീ എന്തിനാ പേടിക്കുന്നേ.. അതിന് ഞാൻ ഇവിടെ പേടിക്കാൻ ഒന്നും പറഞ്ഞില്ലല്ലോ..?
അങ്ങനെ അതുകണ്ട് പവിത്രന് പോവാൻ വയ്യ. അവന് വളരെ സങ്കടമായി. `` അയ്യോ എന്തുപറ്റി പാമ്പ് വല്ലതും കടിച്ചോ വീണേച്ചീ.´´ അപ്പു പറഞ്ഞു. `` എടാ തോക്കിൽ കേറി വെടിവയ്ക്കാതെ . ഞാനൊന്നു പറയട്ടെ´´
അവന് സങ്കടമായെന്ന്. അവന് എല്ലാ മൃഗങ്ങളോടും പക്ഷികളോടും വളരെ നല്ല സ്നേഹമാണ്. ``അപ്പോ എന്താ സംഭവം '' ഒരു വേഴാമ്പലിന്റെ കാലിന് മുറിവ് പറ്റിയിട്ടുണ്ട്. ചോര നന്നായി വരുന്നുണ്ടായിരുന്നു. ഞങ്ങൾ പെട്ടെന്ന് കാട്ടിലെ പച്ചയിലകൾ പറിച്ചു കൊണ്ടുവന്നു. അത് തിരുമ്മി അതിന്റെ കാലിൽ വെച്ചു കെട്ടി. അതിന്റെ വായിൽ ഒരു....
മീനു ചോദിച്ചു. `` വായിൽ എന്താ വീണ ച്ചേച്ചി പറ.. പറ.."
അപ്പുവും പറഞ്ഞു. ``എന്താ വീണേച്ചി വായേല് " നിങ്ങളെ പേടിക്കൊന്നും വേണ്ട ഒരു പഴം. ഞങ്ങൾ കുറച്ച് പഴംകൂടിയും അതിനു കൊണ്ടുവന്നു കൊടുത്തു. ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു വെള്ളവും കൊടുത്തു. തൊട്ടടുത്ത് ഒരു മരത്തിന്റെ മുകളിൽ ഒരു വീട്,അച്ഛൻ പറഞ്ഞു. `` അതാണ് ഏറുമാടം. കാട്ടുജാതിക്കാർ കെട്ടി ഉണ്ടാക്കിയതാണിത്.ചുറ്റുവട്ടത്തുള്ള എല്ലാ കാഴ്ചകളും കാണാം"
ഏറുമാടത്തിൽ നിന്ന് താഴോട്ട് കിടന്നിരുന്ന ഒരു കയറിന്റെ ഏണി പവിത്രൻ കണ്ടുപിടിച്ചു. വളരെ ശ്രദ്ധിച്ച് രമേശേട്ടൻ വേഴാമ്പലിനെയും എടുത്ത് അത് വഴി മരത്തിന്റെ മുകളിൽ കയറി. എന്നിട്ട് ആ വേഴാമ്പലിനെ സുരക്ഷിതമായി അവിടെ കിടത്തി. കുറച്ചുനേരം ഒരു അനക്കവും ഉണ്ടായില്ല.പിന്നീട്. ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു. `` അതേയ് .. വേഴാമ്പല് അനങ്ങ്ണ് ണ്ട് " അത് ആ പഴം മുഴുവനും തിന്നു. അപ്പോഴാണ് ഞങ്ങൾക്ക് ആശ്വാസമായത്. പാത്രത്തിൽ കുറച്ചു വെള്ളവും കുറച്ച് പഴവും കൊടുത്ത് രമേശേട്ടൻ അവിടുന്ന് ഇറങ്ങി.
പിന്നെ രമേശേട്ടൻ അതിന്റെ മുകളിൽ നിന്ന് കണ്ട കാര്യം ഞങ്ങളോട് പറഞ്ഞു.
`` ഏറുമാടത്തിലിരുന്നു കാട്ടരുവി ഒഴുകി പോകുന്നത് മനോഹരമായി കാണാമായിരുന്നു. കുറച്ച് അപ്പുറത്ത് കുരങ്ങുകൾ മരങ്ങളിൽ ചാടി കളിക്കുന്നുണ്ടായിരുന്നു. മരങ്ങളും വള്ളികളും കൊണ്ട് നിറഞ്ഞ സ്ഥലമാണ് അവിടെ.
പിന്നീട് ഞങ്ങൾ അന്നത്തെ യാത്ര മതിയാക്കി വീട്ടിലേക്ക് പോന്നു. അമ്മയോട് എനിക്ക് പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു അന്ന്. അമ്മ ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ ചെന്ന് നോക്കിയപ്പോൾ ആ വേഴാമ്പലിനെ കാണാനില്ല. ആദ്യം ഞങ്ങൾ പേടിച്ചെങ്കിലും പിന്നീടാണ് ആശ്വാസമായത്. കാരണം ആ പഴങ്ങളും പാത്രത്തിലെ വെള്ളവും മുഴുവനും തീർന്നിരുന്നു. ഞങ്ങൾ പിന്നീട് വീട്ടിലേക്ക് തന്നെ തിരിച്ചുവരികയും ചെയ്തു. അമ്മു പറഞ്ഞു. ``അല്ല വീണേച്ചീ ആ വേഴാമ്പലിനെ പിന്നെ എങ്ങും കണ്ടിട്ടില്ല". ``പിന്നീട് അതിനെ കണ്ടിരുന്നോ? ´´
വീണ എല്ലാവരോടുമായി പറഞ്ഞു.`` ഇല്ല, പിന്നീട് അതിനെ കണ്ടിട്ടില്ല കാട്ടിൽ പോയെങ്കിലും കാണാൻ വഴിയുണ്ടായിട്ടില്ല.
വീണ കഥ നിർത്തി. അപ്പു ചോദിച്ചു.`` ഈ കഥ ഉള്ളതാണോ വീണേച്ചീ" വീണയ്ക്ക് ദേഷ്യം വന്നു.
"ഇതായിപ്പോ കാര്യമായത്. ഞാൻ സത്യ പറയണേ.. വിശ്വാസല്ലെങ്കിൽ നീ എന്റെ അമ്മയോട് പോയി ചോദിക്ക് മണക്കൂസേ....´´
അവൻ ഒന്നും മിണ്ടിയില്ല. എല്ലാവരും ഉള്ളിൽ ചിരി അടക്കിപ്പിടിച്ചു.

Comments
Post a Comment