മിയാവാക്കി വനത്തെ കുറിച്ച് അധ്യാപികയും പരിസ്ഥിതി പ്രവർത്തകയുമായ ഷർമിള ടീച്ചർ എഴുതുന്നു
ഷർമിള. സി
പട്ടിക്കാട് സ്കൂളിന്റെ സ്വന്തം മിയാവാക്കി
പഠനം പരിസ്ഥിതിബന്ധിതമാക്കുക, പരിസ്ഥിതി സംരക്ഷണവബോധം കുട്ടികളിലുണർത്തുക, ശുദ്ധമായു നിറഞ്ഞ, തണുപ്പു നിറഞ്ഞ പക്ഷികളും ശലഭങ്ങളും വിരുന്നു വരുന്ന മനോഹരമായ ഒരു കൊച്ചുജൈവവൈവിധ്യ കാടൊരുക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂൺ മാസത്തിൽ പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ തിരുമുറ്റത്തൊരുക്കിയ മിയാവാക്കി വിദ്യാവനം മലപ്പുറം ജില്ലയിലെ തന്നെ ആദ്യ മിയാവാക്കി വിദ്യാവനമാണ്. ഇത്തരം കൊച്ചു വനങ്ങൾ സ്കൂളുകളിലും ഓഫീസ് മുറ്റങ്ങളിലും വീടിനോട് ചേർന്നും നട്ടുപിടിപ്പിക്കുന്നത് തദ്ദേശീയമായ നിരവധി സസ്യവർഗങ്ങളേയും പക്ഷികളേയും ശലഭങ്ങളേയും പരിചയപ്പെടാനും പ്രദേശത്തെ ചൂടു കുറക്കാനും, വാട്ടർറീചാർജിംഗിനും ശുദ്ധവായു ലഭിക്കാനും സഹായിക്കും.
മിയാവാക്കി രീതിയിൽ മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്ത് നിലമൊരുക്കി ഒരു സ്ക്വയർ മീറ്ററിൽ4 തരം ചെടികൾ നടാം. വലിയ വൃക്ഷമാകുന്നവ, ചെറുവൃക്ഷം, കുറ്റിച്ചെടി, വള്ളിചെടി എന്നിവയൊക്കെ സ്ഥലത്തിനിണങ്ങുന്ന രീതിയിൽ തിരഞ്ഞെടുത്ത് അടുത്തടുത്ത് നടുന്നു. അടുത്തടുത്ത് നടുമ്പോൾ ചെടികൾ സൂര്യപ്രകാശത്തിനായി മത്സരിച്ച് മുകളിലേക്ക് വളർന്ന് കുറഞ്ഞ സമയം കൊണ്ട് ജൈവ വൈവിധ്യം കൊണ്ട് നിറഞ്ഞ ഒരു സ്ഥലമായി മാറുന്നു.
വളരെ കുറഞ്ഞ സ്ഥലം മതി ഇങ്ങനെ കൊച്ചു കാടുകളെരുക്കാൻ .നഗര വനവൽക്കരണത്തിന് ഏറ്റവും അനുയോജ്യമായ രീതിയാണിത്. സ്കൂളിൽ രണ്ടിടങ്ങളിലായി 2 cent സ്ഥലത്താണ് മിയാവാക്കി കാടൊരുക്കിയിട്ടുള്ളത്.
ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പൂമരങ്ങളും നിറഞ്ഞ മിയാവാക്കി വിദ്യാവനം സ്കൂളിൻ്റെ അഭിമാന പ്രോജക്ടാണ്.മാതൃഭൂമി സീഡിൻ്റെ ശ്രേഷ്ഠ ജൈവവൈവിധ്യ ഹരിതവിദ്യാലയം അവാർഡ് മിയാവാക്കി വിദ്യാവനത്തിന് ലഭിക്കുകയുണ്ടായി.
🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩


Comments
Post a Comment